സ്കിറ്റ് എന്ന് കേട്ടാല്‍ സാലറി കൂട്ടി തന്നത് പോലാ ടോബിച്ചായനും എഡിആറിനും എനിക്കും... ഓണം വിഷു, ദീപാവലി, ക്രിസ്മസ്, ബക്രീദ്, പഞ്ചാംഗം, തീവണ്ടി സമയം.. ആഘോഷങ്ങള്‍ എന്തൊക്കെ ആയാലും സ്കിറ്റ് ഞങ്ങളുടെ വേണം എന്ന നിലപാടിലാ പൂര്‍ണ്ണത്തില്‍ കാര്യങ്ങളുടെ നീക്കുപോക്ക്... ടോബി കോര്‍ ആയത് കൊണ്ടും ഞാനോ എഡിആറോ ഏതെന്കിലും കമ്മറ്റിയില്‍ കേറി പെടും എന്നതിനാലും, സ്കിറ്റ്-നുള്ള ഫണ്ടും വകുപ്പും ആരുടെലും കാലു വാരിയിട്ടാണെലും ഒപ്പിക്കുന്നോരാ ഞങ്ങള്‍.
അജയന്‍, സനില്‍ സി ജി, സുജിത്, അപ്രു അഥവാ അനൂപ് ആന്റണി, വിപിന്‍ ലാല്‍ തുടങ്ങിയവന്മാരെ സ്റ്റാര്‍ ആക്കിയ പാരമ്പര്യം കൂടി ഞങ്ങള്‍ ചുമ്മാ കേറി അവകാശപ്പെട്ടു കളയും, എന്തിനധികം പറയുന്നു. ഡയറക്ടര്‍ അമറിനെ വരെ ഞങ്ങള്‍ സ്റ്റാര്‍ ആക്കിയിട്ടുണ്ട്.. പക്ഷെ സൂപ്പര്‍, മെഗാ, യൂണിവേഴ്സല്‍ തുടങ്ങിയ ഹെവി ഡ്യൂട്ടി സ്റ്റാര്‍ വാല്യൂസ് മാത്രം ആര്‍ക്കും ഞങ്ങള്‍ വിട്ടു കൊടുക്കുകേല... അതായത് എ ഡി ആര്‍ രാജാവായാല്‍ ഞാന്‍ പ്രധാന മന്ത്രി, ടോബി രാജഗുരു.. ടോബി മുഖ്യമന്ത്രി ആയാല്‍ എഡിആര്‍ ആഭ്യന്തരം ഞാന്‍ ധനകാര്യം.. ഇതൊക്കെ കഴിഞ്ഞുള്ള വകുപ്പുകളെ ബാക്കിയുള്ളവര്‍ക്ക് കൊടുക്കൂ... ഇനി അഥവാ ആരെങ്കിലും ആ റോള്‍ ചോദിച്ചു വന്നാല്‍ സ്പെഷല്‍ ടാസ്ക് കൊടുത്ത് ടോബി അവനെ പിടിച്ചു നൈറ്റ് ഷിഫ്റ്റില്‍ ഇട്ടുകളയും. ..ചുരുക്കി പറഞ്ഞാല്‍...
പൊട്ടക്കുളത്തില്‍ ചേര കിംഗ് കോബ്ര
കാട്ടാളരില്‍ കാപ്പിരി ഗ്ലാമര്‍ ബോയ്
തട്ടിന്‍പുറത്ത് എലി ലയണ്‍ കിംഗ്
പൂര്‍ണ്ണത്തില്‍ ഞങ്ങള്‍ ഷേക്ക്‌സ്പിയേര്‍സ്
ഈ ലെവലില്‍ കളിച്ചു മുന്നേറുന്നതിനിടയില്‍ 'യോ യോ' കടന്നു വരുന്നു. യോ യോ എന്ന് വെച്ചാല്‍ പൂര്‍ണ്ണത്തിലെ ദേശീയ ഉത്സവം... കോള്‍ സെന്റര്‍, സോഫ്റ്റ്‌വെയര്‍ കമ്പനീസ് തുടങ്ങിയവര്‍ ഉണ്ടാക്കിയ യോ യോ സംസ്ക്കാരത്തിന്റെ തുടര്‍ച്ചയാണ് എന്നും, അങ്ങിനെ അല്ല, ആദ്യ ജാം സെഷന്‍ നടത്തിയ പരിപാടി ചെയര്‍മാനെ എല്ലാവരും കൂടി ചവിട്ടി കൂട്ടിയപ്പോള്‍ അയാള്‍ 'അയ്യോ അയ്യോ' എന്ന പ്രത്യേക ശബ്ദത്തില്‍ കരഞ്ഞു എന്നും അതിന്റെ ഓര്‍മ്മയ്ക്കാണ് 'യോ യോ' ആചരിക്കുന്നത് എന്നും ഒക്കെയാ ഐതീഹ്യങ്ങള്‍. എന്തായാലും വര്‍ഷത്തില്‍ ഒരിക്കല്‍ മഴയില്ലാത്ത ദിവസം നോക്കി ഈ ദിനം ഞങ്ങള്‍ കൊണ്ടാടും. ആ ആടല്‍ വല്ലാതെ കൂടാതെ ഇരിക്കാന്‍ വെല്ല ചാത്തനും വലിച്ചു കേറ്റി വരരുത് എന്ന നിബന്ധന കൂടി അന്നെ ദിവസം ഉണ്ട്. എന്ത് നിബന്ധന ഉണ്ടായാലും ശരി സ്കിറ്റ് ഇല്ലാതെ പൂര്‍ണ്ണത്തില്‍ എന്താഘോഷം എന്ന മട്ടില്‍ ഞങ്ങള്‍ മൂന്നും പരിപാടിക്ക് മുന്നില്‍ തന്നെ ഉണ്ട്... മാത്രവുമല്ല. അത്തവണത്തെ പരിപാടി ചെയര്‍മാന്‍ ആയ ഷീനയുടെ പിന്നാലെ നടന്ന് ''സ്കിറ്റ്.. സ്കിറ്റ്... സ്കിറ്റ്.. '' എന്ന് മൂന്നുനേരം ഊണിനും മുന്‍പും പിന്‍പും ഒര്പ്പിക്കേണ്ടത് എന്റെ ചുമതല കൂടി ആയിരുന്നു. ഇല്ലേല്‍ ലവള് വേറെ ആര്‍ക്കേലും പരിപാടിയുടെ കോപ്പി റൈറ്റ് മറിച്ചുവിറ്റ് കളയും.
അങ്ങിനെ സ്കിറ്റ് അപ്പ്രൂവ് ആയി. സ്ഥിരം ആര്‍ട്ടിസ്റ്റ്-കളെ കൂടാതെ ഞങ്ങള്‍ ഇത്തവണ അവതരിപ്പിക്കുന്ന പുതുമുഖം...രെഞ്ചു കൃഷ്ണന്‍... ഡെവലപ്പ്മെന്റ് ടീമില്‍ പുതിയതായി ജോയിന്‍ ചെയ്തവനാ കക്ഷി. പുറമേ പുതിയ താരങ്ങള്‍ക്ക് ഞങ്ങള്‍ അവസരം ഒരുക്കുന്നു എന്ന ഫീല്‍ ഉണ്ടാക്കി എങ്കിലും സംഗതി അതായിരുന്നില്ല. ടൈറ്റില്‍ റോളില്‍ വരുന്ന യക്ഷി.. ഇതാണ് അവന്റെ കഥാപാത്രം. ആ റോളില്‍ അഭിനയിക്കാന്‍ അത്യാവശ്യം മാനബോധമുള്ള പെമ്പിള്ളാര്‍ സമ്മതിക്കാതിരുന്നത് കൊണ്ടും, നിര്‍ബന്ധിച്ചാല്‍ നായകന്‍റെ വേഷം വേണേല്‍ ചെയ്യാം പക്ഷെ പെണ്‍വേഷം പറ്റില്ല എന്ന് ബാക്കിയുള്ളവന്മാര്‍ കയ്യോഴിഞ്ഞത് കൊണ്ടും മാത്രമാണ് ലവന് നറുക്ക് വീണത്. രെഞ്ചുവാണെങ്കില്‍ ഭടന്‍ പിടിക്കുന്ന കുന്തത്തിന്റെ റോള്‍ ആയാലും സാരമില്ല, രണ്ടു ഡയലോഗ് പറയാന്‍ അവസരം കിട്ടിയാല്‍ മതി എന്ന അവസ്ഥയിലും. എല്ലാം പറഞ്ഞു കൊമ്പ്ലിമെന്റ്റ് ആക്കി സ്ക്രിപ്റ്റ് ഞാന്‍ തന്നെ എഴുതി. അഥവാ കലാഭവന്റെ കുറെ കാസറ്റുകള്‍ വാടകക്കെടുത്ത് കുത്തിയിരുന്നു കണ്ടു. അമല്‍ നീരദിന് മുന്നേ ഈ പരിപാടി തുടങ്ങിയത് ഞാനാ... കഥാപാത്രങ്ങളും ലൊക്കേഷനും മാത്രം മാറും.
എന്നത്തേയും പോലെ ഒരു തവണ പോലും മുഴുവനായി പ്രാക്ടീസ് നടത്താതെ ഞങ്ങള്‍ സ്റ്റേജ്-നു പിന്നില്‍ എത്തി. സ്കിറ്റ് തുടങ്ങാന്‍ നേരമായി. രെഞ്ചു അഥവാ 'കണ്ട്രോള്‍ പാനല്‍ നീലി'യെ കാണുന്നില്ല.
"നീലി... സോറി.. രെഞ്ചു ഈ പ്രദേശത്തെ ഏതെന്കിലും പനേടെ ചോട്ടില്‍ ചോരയൂറ്റാന്‍ നിക്കുന്നുണ്ടെല്‍ ഉടന്‍ ഊറ്റല്‍ നിര്‍ത്തി സ്റ്റേജ്-നു പിന്നില്‍ വരണം" ടോബി മൂന്നു തവണ ഇങ്ങനെ കൂവും മുമ്പ് ദാണ്ടെ നീലി ഹാജര്‍.
"ഞാന്‍ ചോരയൂറ്റാന്‍ പോയതല്ല ടോബിച്ചാ"
"പിന്നെ നീ എന്തോന്ന് ഊറ്റുവായിരുന്നെടെയ്" എന്ന് ടോബി ചോദിക്കും മുമ്പേ രെഞ്ചുവിനും പരിസരപ്രദേശങ്ങളിലും നിന്ന് ജീവശ്വാസം വലിച്ചെടുത്ത എല്ലാവര്ക്കും എന്തുവാ അവന്‍ ഊറ്റിയത് എന്ന് മനസിലായി.
"ടോബിച്ചന്‍ പേടിക്കണ്ട.." ചാത്തന്‍ തലയ്ക്കു പിടിച്ച ഏതൊരു നടനും തരുന്ന പ്രോമിസറി നോട്ട് ആ സ്പോട്ടില്‍ വെച്ച് തന്നെ രെഞ്ചു കൈമാറി..." നിങ്ങ ഡയലോഗ് മറന്നാലും ശരി ഒരു വരി ഈ രെഞ്ചു മറക്കുകേല..പോരെ..."
സ്കിറ്റ് തുടങ്ങി... ടോബിയും ഞാനും എഡിആറും മാറി മാറി ഡയലോഗ് പറഞ്ഞ് ഞെരിപ്പിക്കുവാ... അല്ലേലും ഞങ്ങളങ്ങനാ... ഒരു സ്കിറ്റില്‍ നൂറു ഡയലോഗ് ഉണ്ടെങ്കില്‍ അതില്‍ തൊണ്ണൂറെണ്ണവും 30:30:30 എന്ന അനുപാതത്തില്‍ വീതിച്ചെടുക്കും, ബാക്കി പത്ത് മറ്റുള്ളവര്‍ക്ക്. ഇനി ഞങ്ങളില്‍ ആര്‍ക്കെങ്കിലും ഡയലോഗ് കുറഞ്ഞുപോയാല്‍ സ്വന്തമായി ഡയലോഗ് സപ്ലൈ ചെയ്തു ആ കുറവ് ഉടനടി നെകത്തിക്കളേം. ഇതില്‍ പിന്നെ നായികയുടെ പേരാണ് ടൈറ്റില്‍ റോളില്‍ എന്നത് കൊണ്ട് എഗ്രിമെന്റില്‍ ചെറിയ തിരുത്തല്‍ വരുത്തി. 25: 25: 25: 15: 10 എന്നാക്കി. അതായത് രെഞ്ചുവിന് ഒരഞ്ച് ഡയലോഗ് കൂടുതല്‍ കിട്ടും. അങ്ങിനെ രെഞ്ചുവിന്റെ സീനായി. ആണ്ടെ വരുന്നു പണ്ടാരം ഷര്‍ട്ടിന് മുകളില്‍ വെളുത്ത സാരി ഉടുത്തോണ്ട്.
"എന്തോന്നെടെയ് ഇത്... ഈ സാരിയുടെ ബ്ലൗസ് എവിടെ?"
"അയ്യോ!, സോറി അളിയാ അത് ഷര്‍ട്ടിന്റെ അടിയിലാ. ഷര്‍ട്ടൂരാന്‍ മറന്നു പോയി"
"മലന്നു പോയി... നീ ഇത് നശിപ്പിക്കും.."
പക്ഷെ വിചാരിച്ച പോലെ അവന്‍ നശിപ്പിച്ചില്ല. എന്ന് മാത്രമല്ല ഒറ്റ ഡയലോഗ് പോലും മിസ്സ് ആയിട്ടില്ല. സ്ക്രിപ്റ്റ് അതെ പോലെ തന്നെ...തത്ത പറയുന്നത് പോലെ... ഒരൊറ്റ പ്രശ്നം മാത്രം ഞങ്ങള്‍ക്കാര്‍ക്കും ഡയലോഗ് പറയാന്‍ ചാന്‍സ് തരുന്നില്ല. റേഡിയോ തുറന്നു വെച്ച മാതിരി "നീ ഒക്കെ പറഞ്ഞാലും ശരി ഇല്ലേലും ശരി, എന്റെത് കഴിഞ്ഞിട്ട് മതി" എന്ന പോലെ നോണ്‍-സ്റ്റോപ്പ് കൊണ്ടാട്ടം... മാത്രമല്ല എഗ്രിമെന്റ്റ് ഒക്കെ അവന്‍ പൊളിച്ചടുക്കി സ്വന്തം പേരില്‍ കുറെ ഡയലോഗ് കേറ്റാന്‍ തുടങ്ങി... ഇപ്പൊ ഏകദേശം 10: 10: 10 :70 എന്ന റേറ്റിങ്ങില്‍ അവന്‍ കത്തി കേറുവാ... കാണികളില്‍ ഞങ്ങളുടെ ഫാന്സില്‍ പെട്ട പല പെമ്പിള്ളാരും ഇപ്പോള്‍ തന്നെ ലവന്റെ സൈഡിലേക്ക് കാലു മാറി കഴിഞ്ഞു. ഈ പോക്ക് പോയാല്‍ തന്റെ കോര്‍ സ്ഥാനം വരെ യെവന്‍ കേറി നെരങ്ങിക്കളയും എന്ന അവസ്ഥയില്‍ മന്ത്രവാദിയുടെ വേഷത്തില്‍ നിന്ന ടോബി പ്രതികരിച്ചു...
"നിന്നെ ഞാന്‍ തളക്കുമെടി"
ഈ ഡയലോഗ് അടിച്ച ഉടനെ കോപാക്രാന്തയായി, "തളക്കാനിങ്ങു വാടാ" എന്ന് പറഞ്ഞ് ടോബിയെ ആക്രമിക്കണം... എന്നിട്ട് കഴുത്തില്‍ പിടിക്കണം.. കഴുത്തില്‍ പിടിച്ചു ഞെരിച്ചു കൊണ്ടിരിക്കെ, ലൈറ്റ് ഓഫാകും പിന്നെ ലൈറ്റ് ഓണ്‍ ആകുമ്പോള്‍ റൂമില്‍ കിടന്നുറങ്ങുന്ന ടോബി എന്നെ കൊല്ലല്ലേ...കൊല്ലല്ലേ... കൊല്ലല്ലേ... കൊല്ലല്ലേ... എന്ന് നാല് തവണ വിളിച്ചു എന്ന് പറഞ്ഞ് ഞെട്ടി ഉണരും.. അങ്ങിനെ എല്ലാം ഒരു സ്വപ്നമായിരുന്നു എന്ന് മനസിലാക്കുന്നിടത്ത് സ്കിറ്റ് ക്ലൈമാക്‌സ്... ടോബി രണ്ടും കല്‍പ്പിച്ച് അവശേഷിക്കുന്ന തന്റെ ഡയലോഗ് എടുത്തു വീശി...
"നിന്നെ ഞാന്‍ തളക്കുമെടി"
"വെല്‍ തളച്ചോളൂ, യു ആര്‍ ഓള്‍വേയ്സ് വെല്‍കം"
"വാട്ട്!!!!!" ഞങ്ങള്‍ മൂന്നുപേരും ആ ഡയലോഗില്‍ ഞെട്ടി... ഞാന്‍ രെഞ്ചുവിന്റെ അരികില്‍ ചെന്ന് പറഞ്ഞു.."ഡേയ് ഇവിടെ ഡയലോഗ്-ഇല്ല... ടോബിയെ ആക്രമിക്ക്... ആക്രമിക്ക്..."
പണ്ടാരക്കാലന്‍ ഒരു കുലുക്കവുമില്ലാതെ "എന്നെ തളക്കൂ, പ്ലീസ്" എന്ന മട്ടില്‍ ടോബിയുടെ മുന്നില്‍ കുമ്പിട്ട് നിക്കുവാണ്...
ടോബി സ്വരം താഴ്ത്തി രെഞ്ചുവിനോട്: ആക്രമിക്കു... എന്റെ കഴുത്തില്‍ കേറി പിടിക്കൂ..."
രെഞ്ചു... സ്റ്റില്‍... പൂര്‍ണ്ണ നിശബ്ദത... ഇംഗ്ലീഷ് പടത്തിലെ ഹൊറര്‍ സീന്‍ പോലെ ഒരു സൈലെന്‍സ്-നു ശേഷം ഇപ്പൊ ഞെട്ടിപ്പിക്കുന്ന ഒരു സീന്‍ വരും എന്ന് പ്രതീക്ഷിച്ചിരുന്ന ഓഡിയന്സിന് സ്കിറ്റ് പൊളിയുവാ എന്ന് മനസിലാക്കാന്‍ അധികസമയം വേണ്ടി വന്നില്ല. പലയിടത്ത് നിന്നും മുറുമുറുപ്പ്... കൂവല്‍ ഏതു സൈഡില്‍ തുടങ്ങണം എന്ന ലെവലില്‍ കാര്യം എത്തിയപ്പോള്‍ രാജാവിന്റെ റോളില്‍ നിന്ന് എഡിആര്‍ ചാടി ടോബിയുടെ കഴുത്തിനു പിടിച്ചു...
"ഇത്രേം അനുസരണയുള്ള ഒരു യക്ഷിയെ നീ തളക്കില്ല അല്ലേടാ..." യക്ഷി ടോബിയുടെ കഴുത്തില്‍ പിടിക്കുമ്പോള്‍ ലൈറ്റ് ഓഫ് എന്നാ സ്ക്രിപ്റ്റില്‍... ലൈറ്റ് നിയന്ത്രിച്ചിരുന്ന ജിയോ കണ്ഫ്യൂഷനില്‍... ഒരു കണക്കിന് ഞാന്‍ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു... ഭാഗ്യത്തിന് അത് അവനൊഴികെ ബാക്കി എല്ലാരും കണ്ടു... പിന്നെ ആരായാലും, ടോബിയുടെ കഴുത്തിനല്ലേ പിടിച്ചിരിക്കുന്നെ എന്ന ഉറപ്പില്‍ ജിയോ ലൈറ്റ് ഓഫ് ചെയ്തു... എല്ലാം ടോബിയുടെ ഒരു "ദുസ്വപ്നം" എന്ന വകുപ്പില്‍ സ്കിറ്റും അവസാനിപ്പിച്ചു...
പക്ഷെ അപ്പോഴും എഡിആറിന്റെ കൈ കഴുത്തില്‍ തന്നെ ആയിരുന്നു... ആ കഴുത്ത് രെഞ്ചുവിന്റെതായിരുന്നു എന്ന ഒറ്റ വ്യത്യാസം മാത്രം...
(തുടരും)
1 comment:
Hayoo chirichu chirichu mathiyayi...
Aa skit il ippozhum Renju vineyanu orthirikkunnathu
Post a Comment