Mar 8, 2011

2 . അമേരിക്കയിലെ മാന്‍ഹോള്‍

പെരുമഴ. പൂര്‍ണ്ണം ഇന്റെര്‍വ്യൂ നടക്കുന്ന ദിവസം. "നല്ല ഐശ്വര്യം, നീയൊക്കെ ഇന്റെര്‍വ്യൂനു ഇറങ്ങിത്തിരിച്ചപ്പോള്‍ തന്നെ കൊടുംമഴ, ഈ കമ്പനിയുടെ അവസ്ഥ എന്താകുമോ എന്തോ" എന്ന്‍ ന്യായമായും കമ്പനി ഒടമസ്ഥന്‍ ചിന്തിച്ചു കാണണം.


അന്നും പതിവുപോലെ ഒരുപാത്രം വെളിച്ചെണ്ണയുമായി ഞാന്‍ വാതിക്കല്‍ വന്നിരുന്നു. "ഇനിയെങ്കിലും എന്നെ വെറുതെ വിടടെയ്‌" എന്ന ഭാവത്തില്‍ എന്റെ ഷൂസും. കഴിഞ്ഞ നാല് വര്‍ഷമായി കക്ഷി എന്റെ കാലിനു കീഴില്‍ പെടാപാട് പെടുവാ.


വെളിച്ചെണ്ണ... ഷൂ....


ജിലേബിയും മത്തിക്കറിയും പോലെ ഇതെന്ത് കോമ്പിനേഷന്‍ എന്നോര്‍ത്ത്‌ വായും പൊളിച്ചിരിക്കണ്ട. ഷൂ പോലീഷിനു പകരം വെളിച്ചെണ്ണ ഇതായിരുന്നു എന്റെ പോളിസി. ഇക്കാര്യത്തില്‍ അന്നൊക്കെ ഞാന്‍ വലിയ സ്വദേശാഭിമാനിയായിരുന്നു. ഗാന്ധിജിയെ പോലെ വിദേശ കുത്തക കമ്പനികളെ എനിക്ക് തീരെ ഇഷ്ടമായിരുന്നില്ല. ഒറ്റ വ്യത്യാസം മാത്രം, ഗാന്ധിജി സ്വന്തം ഇഷ്ടം കൊണ്ട് ഉപേക്ഷിച്ചു. ഞാന്‍ കയില്‍ കാശില്ലാത്തത് കൊണ്ടും...


കുളികഴിഞ്ഞപാട് പോണ്ട്സ്‌ പൌഡര്‍ വാരിപ്പൊത്തി.


"നീ എന്ത്വാടെയ്, പുലികളിക്ക് പോകുന്നോ?"


"അപ്പച്ചാ!!!...പ്ലീസ് ഡോണ്ട് റെഡ്യൂസ് മൈ കോണ്‍ഫിഡന്‍സ്"


"ഓ കോണ്ഫിടെന്‍സ് ഒക്കെ ഇപ്പൊ പൌഡര്‍ പരുവത്തിലായോ?"


പുള്ളി റേഡിയോ തിരിക്കാന്‍ തുടങ്ങി.


"തിരിക്കല്‍ കണ്ടാല്‍ മതി, വലിയ മാര്‍ക്കോണി ആണെന്നാ വിചാരം."


അമ്മച്ചി വന്ന് കൃത്യമായി ഇടപെട്ടു, ഞാന്‍ സേഫ്. ഇനി അവര്‍ തമ്മിലായിക്കോളും.


പൌഡര്‍ പരിപാടി തീര്‍ന്ന മുറക്ക്‌ ഷര്‍ട്ട്‌ തിരയല്‍ മഹാമഹം.


"ഇന്റെര്‍വ്യൂ, പെണ്ണുകാണല്‍ ഈ രണ്ടു പരിപാടിക്ക് പോകുമ്പോഴും അതെ, ഒരു ഷര്‍ട്ടും മാച്ച് ആവില്ല." അവസാനം എന്റെ സ്കൈ ബ്ലൂ ഷര്‍ട്ടില്‍ തന്നെ പിടി വീണു. പെട്ടെന്ന് ഒരശരീരി.


"ഡേയ് നീ ഇത്തവണയും ആ നീല ഷര്‍ട്ടും കറുത്ത പാന്റും ഇട്ടു വരരുത്.."


അശരീരി വോയ്സ് അപ്പോള്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. "നിജോയി" അവനും ഇതേ വേഷത്തില്‍ തന്നെയാ കഴിഞ്ഞ എട്ടു പത്ത്‌ ഇന്റെര്‍വ്യൂ അറ്റന്‍ഡ് ചെയ്തത്‌. അവസാനം അടുത്ത ഇന്റര്‍വ്യൂവില്‍ രണ്ടുപേരും വേറെ ഡ്രസ്സ്‌ ഇടും എന്ന കരാറില്‍ ആണ്പിരിഞ്ഞത്. എന്തായാലും അവന്‍ വേറെ ഇട്ടു വരുമല്ലോ അപ്പോള്‍ ഇന്ന്‍ ഇതിട്ടാലും "ഇതെന്താ രണ്ടും യൂണിഫോമില്‍, സ്കൂള്‍ വിട്ടു വന്നവഴിയാ?" എന്ന സ്ക്രീനിംഗ് ബ്ലഡീസിന്റെ കമന്റ് ഒഴിവാക്കാം.


എന്നേം നിജോയിയേം ഒരമ്മ പെറ്റില്ലെന്നെയുള്ളൂ, പക്ഷെ ചിന്തയില്‍ ഞങ്ങള്‍ ഒന്നാ. ആണ്ടെ നില്‍ക്കുന്നു ഡാഷ് മോന്‍ അതെ കളര്‍ ഡ്രസ്സ്‌ ഇട്ടു ബസ്‌ സ്റ്റോപ്പില്‍.


"അളിയാ, നീ വേറെ ഇട്ടു വരുമെന്ന് കരുതി."


"നല്ല കരുതല്‍, ഇന്നും യൂണിഫോം വിളിയില്‍ തന്നെ തുടങ്ങാം. "


ഘോര ഘോരന്‍ മഴ. മൂന്നു ബസ്‌, ഒരു ഓട്ടോ ഇതൊക്കെ കയറി ഞങ്ങള്‍ പൂര്‍ണ്ണത്തില്‍ എത്തുമ്പോള്‍ നനയാന്‍ ഒരെടം പോലുമില്ല ബാക്കി. റെസ്യൂം എടുത്ത്‌ നോക്കി. "ദൈവസഹായം, ഒരു വരി പോലും വായിക്കാന്‍ പറ്റില്ല." അവസാനം റിസെപ്ഷനില്‍ ഇരുന്ന പെണ്ണിന്റെ കാലു പിടിച്ചു.


രേസ്യൂമിന്റെ പരിപ്പിളകി കിടക്കുന്നു. നിജോയ്ക്ക്‌ പക്ഷെ അതിന്റെ അഹങ്കാരം ഒന്നുമില്ല.


നിജോയി: "എന്താ പേര്"


ഞാന്‍: "ഇത്ര നാളായിട്ടും നിനക്കതറിയില്ലേ?"


"നിന്നോടല്ലടാ, ഞാന്‍ ദേ ഇയാളോടാ ചോദിച്ചെ." ഹത് ശരി, അവന്‍ അതിന്റെ ഇടയില്‍ കൂടി ലൈന്‍ വലിക്കുവാ. ഇനി അവളുടെ മാമോദീസ കണക്കെടുക്കാതെ അവന്‍ പിന്മാറില്ല.


ആകെ കൂടി എട്ടു പേരെ ഉള്ളു. ഓ ടെലഫോണിക്ക് ഇന്റെര്‍വ്യൂ വഴി ഷോട്ട് ലിസ്റ്റ് ചെയ്തവന്മാരെ മാത്രമേ വിളിച്ചിട്ടുള്ളൂ. ഒരു കിളിയുള്ളതിന്റെ പിറകെ മൂന്നെണ്ണം ചുറ്റി കറങ്ങുന്നു. നിജോയി ആണെങ്കില്‍ ആ പെണ്ണിന്റെ ഇടവകയിലെ കപ്യാരുടെ അഡ്രസ്സില്‍ വരെ കാര്യങ്ങള്‍ എത്തിച്ച് നിക്കുവാണ്. വേറെ ഒരുത്തന്‍ പൂര്‍ണ്ണത്തിന്റെ വെബ്സൈറ്റ്‌ മുഴുവന്‍ പ്രിന്റ്‌ എടുത്തു വെച്ചിരിക്കുന്നത്, തിരിച്ചും മറിച്ചും നോക്കുന്നു. ഇവനീ കമ്പനി മൊത്തത്തില്‍ വാങ്ങാന്‍ വന്നതാണോ എന്ന ഭാവത്തില്‍ ഞാന്‍ ഇരിക്കുമ്പോള്‍ ആണ്ടെ വരുന്നു വേറെ ഒരു പൈങ്കിളി.


"Are you all come for the interview?"

"Yes"

"Ok, you poeple will be having 3 rounds, an essay test, personal interview and chat test."


ഭാഗ്യം, ആകെ മൂന്നു രൌണ്ടേ ഉള്ളു. എളുപ്പത്തില്‍ ഔട്ട് ആയി വീട്ടില്‍ പോവാം. ഒരു കണക്കിന് എസെ പാസായി. ഇനി പേസണല്‍ ഇന്റെര്‍വ്യൂ ആണ്. ദോഷം പറയരുതല്ലോ, അരൂബയിലെ ട്രെയിനിംഗ് കഴിഞ്ഞതില്‍ പിന്നെ മറ്റുള്ളവര്‍ക്ക് മനസിലാകുന്ന ആക്സേന്റില്‍ സംസാരിക്കാന്‍ ഞങ്ങള്‍ പഠിച്ചിരുന്നു.


പക്ഷെ ഞങ്ങളുടെ ബയോഡാറ്റ!!! ഞങ്ങളുടെ മനസുപോലെ തന്നെ. ഒരക്ഷരം പോലും മാറ്റി വെക്കാന്‍ കാണില്ല. അത് കൊണ്ട് ഇന്റെര്‍വ്യൂ ചെയ്യുന്നവര്‍ക്ക്‌ എളുപ്പമാ. വേറെ ചോദ്യങ്ങള്‍ ചോദിച്ചു ബുദ്ധിമുട്ടണ്ട.


ഹോബീസ്? ഡാന്‍സിംഗ് ആന്‍ഡ്‌ ലിസെനിംഗ് റ്റു മൂസിക്‌

ഫെവ്‌ സിങ്ങര്‍? ബ്രയന്‍ ആദംസ്‌

ഫെവ്‌ സോംഗ്? എവെരിതിംഗ് ഐ ...


ഈ ഒരു സൗകര്യം വെച്ച് ഞങ്ങളെ രണ്ടിനേം ഒരുമിച്ച് ഇരുത്തി ഇന്റെര്‍വ്യൂ ചെയ്താലോ എന്ന് വരെ ചിന്തിച്ച കമ്പനികള്‍ വരെ ഉണ്ട്. അത്രയും സമയം ലാഭിക്കാലോ. ഗുണപാഠം: കൊള്ളാവുന്ന രേസുമേ കോപ്പി അടിച്ചാല്‍ ഇങ്ങനെ ചില ഗുണങ്ങള്‍ ഉണ്ടാകും.


പക്ഷെ അന്ന് സംഭവങ്ങള്‍ ഒക്കെ മാറിമറിഞ്ഞു.


ഇന്റെര്‍വ്യൂ ബോര്‍ഡില്‍ രണ്ടാണും ഒരു പെണ്ണും. ദാണ്ടെ നേരത്തെ വന്നു അനൌന്സ്മെന്റ് നടത്തി പോയ പൈങ്കിളിയും ഇരിക്കുന്നു.


"ലിജോ ചക്കിയത്ത്, സിജോ, സൂസി വില്യംസ്"


പൈങ്കിളിയും സിജോയും സ്ഥിരം ചോദ്യങ്ങള്‍ "Why do you want to work with Poornam."


"Well, I do want to be a part of the most reputed organisation in the industry and to work with a company where I get growth and improve my skills. Poornam is such an organisation."


ഈ ഒരു ഉത്തരത്തില്‍ പൂര്‍ണം എന്ന വാക്ക്‌ മാത്രമേ മാറുകയുള്ളൂ, ഇനി നാളെ മൈക്രോസോഫ്റ്റില്‍ പോയാലും ശരി, ആ സ്ഥലത്ത്‌ മൈക്രോസോഫ്ട്‌ എന്ന്‍ ചേര്‍ക്കും, അത്ര തന്നെ.


ജോലി ഒരുമാതിരി കിട്ടി കിട്ട്യില്ല എന്ന അവസ്ഥയില്‍ നിക്കുമ്പോ ആണ്ടെട ലിജോ ചക്കിയത്ത് വാ തുറക്കുന്നു. പണ്ടാരം ഇനി ഈ കാലമാടന്‍ എന്റെ കഞ്ഞികുടി മുട്ടിക്കുമോ എന്ന് കരുതിയിരിക്കുമ്പോള്‍ ദേ വരുന്നു ചോദ്യം.


"Do you have internet connection at home?"


ഓ മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു.


ആകെയുള്ള ഒരു നെറ്റ്‌ ഉള്ളത് അപ്പന്‍ ഇടക്ക് കൊണ്ടുവരുന്ന വീശുനെറ്റാ. ഐ മീന്‍ വീശുവല.


"No"

"Have you ever used internet cafes?


ഉണ്ടോന്ന്!!! ക്ലാസില്‍ കേറിയില്ലെലും കഫേയില്‍ കേറിയില്ലേല്‍ ലോകമെങ്ങാനും കീഴ്മേല്‍ മരിഞ്ഞാലോ എന്ന് ടെന്‍ഷന്‍ അടിച്ചു നടക്കുന്നോരാ ഞാനും നിജോയിയും. കഞ്ഞി കുടിച്ചില്ലേലും സാരമില്ല., ഒരു ദിവസം മെയില്‍ ചെക്ക് ചെയ്തില്ലേല്‍ അന്ന് പാതിരാത്രി ആയാലും ഉറക്കം വരില്ല.


"Yes."

"How often?"

"Almost everyday."

"Do you respond to all your friends' emails everyday?"


ഉവാ! അവന്മാര്‍ക്ക് വേറെ പണിയില്ലല്ലോ. ഇനി അഥവാ പണിയില്ലേല്‍ തന്നെ ആ നേരത്തിനു നാല് റൌണ്ട് പന്നി മലത്താന്‍ നോക്കോ മെയില്‍ അയക്കാന്‍ ഇരിക്കോ?"


"Yes, I do"


സംഗതി ഇന്റര്‍നെറ്റ്‌ സെര്‍വര്‍ അഡ്മിന്‍ കമ്പനിയാ. ഇന്റര്‍നെറ്റ്‌ യൂസില്‍ എന്റെ കഴിവ് അളക്കുവാ പഹയന്‍. അളക്കട്ടെ.


നെക്സ്റ്റ് ക്വസ്റിന്‍


In India, Manholes are in square shape, while in America they are in the round shape. What's the advantage of having the round shape manholes?


ഹാ കള്ളക്കളി, ഇത് ഔട്ട്‌ ഓഫ് സിലബസാ, ഇതിന്റെ ഉത്തരം അരൂബക്കാര് പഠിപ്പിച്ചിട്ടില്ല. അല്ലെങ്കില്‍ തന്നെ മറ്റുള്ളവരുടെ വയറ്റത്തടിക്കുന്ന പരിപാടി ഈ അമേരിക്കക്കാര്‍ക്ക്‌ പണ്ടേ ഉള്ളതാ. ഇവനൊക്കെ മാന്‍ ഹോള്‍ സ്ക്വയര്‍ ആക്കി വെച്ചാലെന്താ? അല്ലെങ്കില്‍ തന്നെ ഈ കുഴി എടുക്കാനാണോ പാന്റും ടൈയും കെട്ടി രാവിലെ കേട്ടിയെടുപ്പിച്ചത്? ഇങ്ങനെ നൂറു ചോദ്യം ഉള്ളില്‍ വന്നെങ്കിലും ഞാന്‍ ഒരൊറ്റ ഉത്തരം പറഞ്ഞു.


"Pass"

"What?!!"

"I mean സുല്ല്?"


അങ്ങിനെ പുറത്തേക്കുള്ള വഴി നോക്കി ഞാന്‍ ഇറങ്ങി.


"You have a chat test too"


ഓ ഇനിയെന്തോന്ന്‍ ചാറ്റാന്‍ എല്ലാം കൈവിട്ടു മാന്‍ഹോളില്‍ പോയില്ലേ മോളെ. ചാറ്റ് ടെസ്റ്റിയെന്നു വരുത്തി ഞാന്‍ ഇറങ്ങി. ആണ്ടെടാ നിജോയിയും അതെ ഹോളില്‍ വീണു കിടക്കുന്നു. ആ വാശിക്ക്‌ ഞങ്ങള്‍ക്ക് മൂത്രശങ്ക. ഘോരമഴത്താണല്ലോ ഈ പറഞ്ഞ ശങ്കകള്‍ പൂര്‍വ്വാധികം ശക്തിയില്‍ തല പൊക്കി നിക്കുന്നത്. "നീയൊക്കെ തീരുമാനമാക്കിയില്ലേ ഞങ്ങള്‍ കേറി അങ്ങ് പെരുമാറിക്കളയും" എന്ന അവസ്ഥയില്‍ ശങ്ക പ്രതികരിച്ചു തുടങ്ങിയപ്പോള്‍ ഞാനും നിജോയിലും പൂര്‍ണ്ണത്തിന്റെ പുറം മതിലില്‍ തന്നെ പണി കൊടുത്തു. മേലില്‍ മാന്‍ഹോള്‍ എന്ന വാക്ക്‌ യെവന്മാര്‍ ചോദിച്ചു പോകരുത് എന്ന വാണിംഗ് കൂടി ആ കലാപരിപാടിയില്‍ ഉള്‍പെടുത്തി ഞങ്ങള്‍ നടന്നു.


പിറകെ ഒരു വാന്‍. അതില്‍ വീണ്ടും അതെ പൈങ്കിളി. ഞങ്ങളുടെ അടുത്ത് നിര്‍ത്തി.


"Get in, we will drop you at the bus station."


ഹോ മതിലിലെ പണി വേണ്ടായിരുന്നു. ഒന്നുമല്ലേലും ഇത്രയും നല്ലൊരു പെണ്ണ് ജോലി ചെയ്യുന്ന കമ്പനിയുടെ . ഞങ്ങള്‍ പരസ്പരം കുറ്റബോധിച്ചു. കുറ്റബോധത്തിന്റെ കൂടെ നിജോയ്‌ തന്റെ സ്ഥിരം മാമോദീസാ കണക്കെടുക്കല്‍ കൂടെ നടത്തി. അന്ന് വീടെത്തുവോളം നിജോയി ആ കണക്ക്‌ കൂട്ടിയും കിഴിച്ചുമിരുന്നു.


2004 June 28, അതിരാവിലെ പേപ്പറുകള്‍ ചികഞ്ഞിരിക്കുംപോള്‍ നിജോയിയുടെ ഫോണ്‍ അടുത്ത വീട്ടില്‍ വന്നു.


"അളിയാ, എനിക്ക് കിട്ടി. അടുത്ത മാസം നാലിന് ജോയിന്‍ ചെയ്യണം"


"ആണോ (കാലമാടന്‍ ഒറ്റക്ക് തിന്നാന്‍ പോവാ) Congrats അളിയാ"


പേപ്പര്‍ മടക്കി വെച്ച് ഞാന്‍ ഇറങ്ങി. ഇനി ഉള്ള തെണ്ടല്‍ തനിയെ.


പിന്നാലെ വീണ്ടും ഒരു കോള്‍. പൂര്‍ണ്ണത്തില്‍ നിന്ന് തന്നെ.


ഇന്റര്‍നെറ്റില്‍ പ്രത്യേകിച്ച് 'കുഴി എടുക്കല്‍' ഒന്നും വേണ്ടാത്തത് കൊണ്ടാണോ എന്തോ, "എന്നേം സില്മേലെടുത്തു" അതായത്‌ ഞാനും അന്ന്‍ മുതല്‍ പൂര്‍ണ്ണമൈറ്റായി.


(തുടരും)

3 comments:

Naseef U Areacode said...

വളരെ നന്നായി പൂര്‍ണ്ണത്തിലേക്കുള്ള യാത്ര... ഇന്റര്വ്യുവും ഒക്കെ രസകരമായി അവതരിപ്പിച്ചു... ആസ്വദിച്ചു തന്നെ വായിച്ചു..

"ജിലേബിയും മത്തിക്കറിയും പോലെ ഇതെന്ത് കോമ്പിനേഷന്‍ എന്നോര്‍ത്ത്‌ വായും പൊളിച്ചിരിക്കണ്ട. ഷൂ പോലീഷിനു പകരം വെളിച്ചെണ്ണ ഇതായിരുന്നു എന്റെ പോളിസി. ഇക്കാര്യത്തില്‍ അന്നൊക്കെ ഞാന്‍ വലിയ സ്വദേശാഭിമാനിയായിരുന്നു. ഗാന്ധിജിയെ പോലെ വിദേശ കുത്തക കമ്പനികളെ എനിക്ക് തീരെ ഇഷ്ടമായിരുന്നില്ല. ഒറ്റ വ്യത്യാസം മാത്രം, ഗാന്ധിജി സ്വന്തം ഇഷ്ടം കൊണ്ട് ഉപേക്ഷിച്ചു. ഞാന്‍ കയില്‍ കാശില്ലാത്തത് കൊണ്ടും.."
.
നല്ല എഴുത്തു.. എല്ലാ ആശംസകളൂം.....

Nasrajan said...

Wondering what was the role of that manhole in the overall in the interview. Have you ever asked this question to Mr. Lijoe Antony Chakiath? :-D

Waiting for the rest of the stories... :-)

Thus Testing said...

Yes. I asked him about that question, later when i was selected. He told he was screening my analytical skills. :)