Sep 15, 2011

6. അപ്പുക്കുട്ടന്‍റെ സിനിമാമോഹങ്ങള്‍

അരവിന്ദന്‍, സ്പീല്‍ബര്‍ഗ്, കുറസോവ, പത്മരാജന്‍ ഇവരൊക്കെ പൂര്‍ണ്ണത്തില്‍ ജോലി ചെയ്തിട്ടില്ലെങ്കിലും അപ്പുക്കുട്ടന് സ്വന്തം വീട്ടുകാരെ പോലാ. എന്ന് വെച്ചാല്‍ സിനിമയെന്ന് കേട്ടാല്‍ അപ്പുക്കുട്ടന്‍ മരിക്കും. എന്ന് മാത്രമല്ല മൂന്നാം ദിവസം ഉയര്‍ത്ത് വന്ന് വീണ്ടും സിനിമക്ക് വേണ്ടി ഘോരഘോരം മരിക്കാന്‍ തയ്യാറുള്ള പൂര്‍ണ്ണത്തിലെ ഒരേ ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു അയ്യപ്പദാസ്‌ എന്ന ഞങ്ങളുടെ സ്വന്തം അപ്പുക്കുട്ടന്‍.

രംഗം ഒന്ന്: അപ്പുക്കുട്ടന്‍ പെയ്ഡ്‌ വെക്കേഷന്‍ കഴിഞ്ഞു വരുന്നു.

"അപ്പുക്കുട്ടാ... എപ്പോ വന്നു?"

ഉടന്‍ അപ്പുക്കുട്ടന്‍റെ തോള്‍ ഒരു നൂറ്റമ്പത്‌ ഡിഗ്രീ വടക്കോട്ട് ചരിയും, പിന്നെയാ ഡയലോഗ്.

"മുപ്പത്‌ ദിവസം... മുപ്പത്‌ ദിവസത്തെ പി വിക്ക് ശേഷം ഞാന്‍ വീണ്ടും വന്നിരിക്കുകയാണ്. പുതിയ ചില ബഗുകള്‍ ഉണ്ടാക്കുവാനും ചിലത് മറ്റുള്ളവരെ കൊണ്ട് ഫിക്സ് ചെയ്യിപ്പിക്കാനും."

കട്ട്-

രംഗം രണ്ട്: നൈറ്റ്‌ ഷിഫ്റ്റില്‍ ഉറങ്ങിയ അപ്പുക്കുട്ടനെ അന്നത്തെ അഡ്മിന്‍ ആയിരുന്ന വര്‍ക്കിച്ചായന്‍ വിളിച്ചു വരുത്തി എസ്പ്ലനേഷന്‍ ചോദിക്കുന്നു.

"നേരാ വര്‍ക്കിച്ചാ!!! അപ്പുക്കുട്ടന്‍ നൈറ്റ്‌ ഷിഫ്റ്റില്‍ ഉറങ്ങാതെ പോയിട്ടില്ല. സിസ്റ്റത്തില്‍ കേറിപിടിച്ച വൈറസിനെ തുണ്ടം തുണ്ടമായി വെട്ടിയിട്ട് എന്‍റെ ഷിഫ്റ്റ്‌ അഡ്മിന്‍ സൈന്‍ ഔട്ട്‌ ചെയ്തു പോകുമ്പോള്‍ അന്നെന്റെ പന്ത്രണ്ടാമത്തെ നൈറ്റ്‌ ഷിഫ്റ്റാ. ആ സിസ്റ്റത്തിലും സെര്‍വറിലും ഇപ്പോഴും ഞൊളക്കുവാ വര്‍ക്കിച്ചാ ദേ ഈ മുഴുപ്പില്‍ ബഗുകള്‍. അന്ന് തീര്‍ന്നതാ ഈ നൈറ്റ്‌ ഷിഫ്റ്റിനോടുള്ള ബഹുമാനം. ഐ മീന്‍ അയാം ഔട്ട്‌സ്പോക്കണ്‍ ആന്‍ഡ്‌ ഇറവറന്‍സ്"

ഇതൊക്കെ കേട്ട് ലെന്തോ പോയ ലണ്ണാനെ പോലെ വര്‍ക്കിച്ചായന്‍ വായും പൊളിച്ചിരിക്കുമ്പോള്‍, വീണ്ടും ഇടത്തെത്തോള് ചരിച്ച് അപ്പുക്കുട്ടന്‍ ഫുഡ്‌കോര്‍ട്ടിലേക്ക് പോകുന്നു.

-കട്ട്-

ഇതാണ് അപ്പുക്കുട്ടന്‍. എന്ന് മാത്രമല്ല അപ്പുക്കുട്ടന്‍ ഇങ്ങനെയായത് കൊണ്ട് ഞങ്ങള്‍ റൂംമേറ്റ്സിന് മറ്റുചില ഗുണങ്ങളൊക്കെയുണ്ട്. ഉദാഹരണമായി അപ്പുക്കുട്ടന് ഒരു സിനിമ കാണണം എന്ന് തോന്നുന്നു എന്നിരിക്കട്ടെ. റൂമിലെ മൊത്തം പേരുടെ ടിക്കറ്റും അപ്പു തന്നെയെടുക്കും. മാത്രമല്ല, പോകുന്ന വഴി ഓട്ടോക്കൂലി, ബസ്‌ കൂലി, കപ്പലണ്ടി, ചായ, പഴംപൊരി, പോപ്‌കോണ്‍ തുടങ്ങി ഞങ്ങളുടെ  സകലമാന ചെലവും വഹിച്ചാണ് അപ്പുക്കുട്ടന്‍ മലയാള സിനിമയെ തന്നെ താങ്ങി നിര്‍ത്തുന്നത്‌.

ഇതിനൊക്കെ പ്രതിഫലമായി, ഒരൊറ്റ ഡിമാന്‍ഡ്‌ മാത്രമേ പുള്ളിക്കാരനുള്ളൂ. "മോഹന്‍ലാലിന് ശേഷം മലയാള സിനിമയ്ക്ക് കിട്ടാന്‍ പോകുന്ന ഒരു വരദാനമല്ലേ ഞാന്‍" എന്ന് അപ്പുക്കുട്ടന്‍ ചോദിക്കും. അപ്പോള്‍ ഞങ്ങള്‍ " നീ ഒന്നല്ല ഒരൊന്നൊന്നര വരദാനമാണ്" എന്നേറ്റു പറയണം. ഉടന്‍ തന്നെ അപ്പുക്കുട്ടന്‍ അടുത്ത സെറ്റ്‌ പഴംപോരിക്ക് ഓര്‍ഡര്‍ കൊടുക്കും. പിന്നെ സകലമാന സിനിമകളുടെയും തിരക്കഥ, സി ഡി തുടങ്ങി സിനിമാമംഗളം, നാന, വെള്ളിത്തിര എന്നിവ സെന്‍റര്‍ പേജില്ലാതെ ഒന്ന് വീതം നാല് നേരം വായിക്കാന്‍ കിട്ടും എന്നതും അപ്പുക്കുട്ടന്റെ അഭ്യുദയകാംഷികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക്‌ ലഭിച്ച സൌഭാഗ്യമാണ്. അത് കൊണ്ട് തന്നെ അപ്പുക്കുട്ടനെ ഒരു സിനിമാപ്രാന്തനായി നിലനിര്‍ത്തേണ്ടത് ഞങ്ങളുടെ കൂടെ ആവശ്യമായിരുന്നു.

അങ്ങിനെ ഇരിക്കെയാണ് പൂര്‍ണ്ണത്തിന്റെ പ്രാന്തപ്രദേശങ്ങളിലായി ഒരു ഫിലിം യൂണിറ്റ് തേരാപ്പാര അലയുന്ന വിവരം അപ്പുക്കുട്ടനെ ആരോ അറിയിച്ചത്‌. ഉടന്‍ തന്നെ എമര്‍ജെന്‍സി ലീവെടുത്ത് ഞങ്ങള്‍ യൂണിറ്റിലേക്ക് വെച്ചടിച്ചു. സംഗതി സത്യം..അതാ ആ കിടക്കുന്ന യൂണിറ്റ് വാനാണെ സത്യം...അവിടെ സിനിമാ ഷൂട്ടിംഗ് നടക്കുന്നു. അപ്പുക്കുട്ടന്‍ ഉടനെ കൂളിംഗ് ഗ്ലാസ്‌ എടുത്ത് വെച്ചു. എവിടെ ക്യാമറ കണ്ടാലും അവിടെ കൂളിംഗ് ഗ്ലാസ്‌ വെക്കുക എന്നത് അപ്പുക്കുട്ടന് പണ്ടേയുള്ള ശീലമാ...എപ്പോഴാ ഫ്രെയിമില്‍ മുഖം വീഴുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ...

"അപ്പുക്കുട്ടാ..ഇത് തന്നെ അവസരം.. ഒരു ചാന്‍സ്‌ ചോദിച്ചു നോക്കിയാലോ, പോയാലൊരു വാക്ക്‌" അപ്പുക്കുട്ടന്റെ അഭ്യുദയ കാംഷിയും സര്‍വ്വോപരി റൂംമേറ്റുമായ അനീഷ്‌ ആണ് ഇങ്ങനെ ഒരാശയം മുന്നോട്ട് വെച്ചത്... കോട്ടുവള്ളി സായി അതിനെ പിന്താങ്ങുകയും അവശേഷിക്കുന്ന ഞാന്‍ വോട്ടു രേഖപ്പെടുത്തുകയും ചെയ്തതോടെ ചാന്‍സ്‌ ചോദിക്കും എന്ന് മാത്രമല്ല ആ സിനിമയില്‍ തന്നെ അഭിനയിച്ചു കളയും എന്ന് വരെ അപ്പുക്കുട്ടന്‍ തീരുമാനിച്ചു കളഞ്ഞു. അപ്പുക്കുട്ടന്‍ തുനിഞ്ഞിറങ്ങിയാല്‍ പിന്നങ്ങനാ... ആര് പിടിച്ചാലും നിക്കില്ല... അത് കൊണ്ടെന്താ... സംഗതി ഉഷാര്‍ റോള്‍ റെഡി...ആ സന്തോഷത്തില്‍ അപ്പുക്കുട്ടന്‍ ബോധരഹിതനായി.

സിനിമയുടെ പേര്: ലോകനാഥന്‍ ഐ എ എസ്, ലീഡ്‌ റോളില്‍ കലാഭവന്‍ മണി.

പിന്നീട് ബോധം വീണ അപ്പുക്കുട്ടന്‍ കാണുന്നത് പേര്‍സണല്‍ മാനേജര്‍ ആരാകും എന്ന് പറഞ്ഞ കൂട്ടയടി നടത്തുന്ന ഞങ്ങളെയാണ്, ഐ മീന്‍ അനീഷ്‌, സായി, ഞാന്‍. ചാന്‍സ് ചോദിക്കാനുള്ള പ്രചോദനം കൊടുത്തത്‌ അനീഷായതിനാല്‍ അവനാണ് അഡ്വാന്‍ന്‍റെജ്. സായിക്ക് ഫോര്‍ വീലര്‍ ലൈസന്‍സ്‌ ഉള്ളത് കൊണ്ട് അവനായിരിക്കും ഡ്രൈവര്‍. എനിക്ക് പിന്നെ ഇത് രണ്ടും ഇല്ലാത്തത്‌ കൊണ്ട് കുടപിടിക്കുന്ന ജോലി തരണമെന്നും പേരെഴുതിക്കാണിക്കുമ്പോള്‍ ബ്രാക്കറ്റില്‍ എന്‍റെ പേര് ഇടണം എന്നും മാത്രമേ ആവശ്യപ്പെട്ടുള്ളൂ. മാത്രമല്ല, ഉടനടി ഇപ്പോഴുള്ള ജോലി രാജി വെച്ചുകളഞ്ഞേക്കാം എന്ന്‍ കൂടി ഞങ്ങള്‍ തീരുമാനിച്ചു. സംഗതി ഇങ്ങനെ ഒത്തുതീര്‍പ്പായപ്പോഴാ അപ്പുക്കുട്ടന്‍റെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം.

"ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നില്ല"

"വാട്ട്?" ഞങ്ങള്‍ മൂന്നും മൂന്നു സ്വരത്തില്‍!!!

"എനിക്ക് ലാലേട്ടന്റെ കൂടെ വേണം അരങ്ങേറ്റം നടത്താന്‍"

"വല്ലതും പറ എന്നിട്ട് വേണം പുള്ളി അഭിനയം നിര്‍ത്തി വേറെ വെല്ല കൂലി പണിക്കും പോകാന്‍" എന്ന് പറയാനാണ് വന്നതെങ്കിലും എങ്ങാനും ഇവന്‍ കേറി സുപ്പര്‍ സ്റ്റാറായാലോ എന്നോര്‍ത്ത്:

" അപ്പുക്കുട്ടാ മോഹന്‍ ലാലിലും ഉണ്ട് "മ" മണിയിലും ഉണ്ട് "മ"." അനീഷ്‌.

"സിനിമയിലും ഉണ്ട് "മ". ഞാന്‍.

"അത് കൊണ്ട് നീ ധൈര്യമായി അഭിനയിക്കൂ". സായി.

എന്നൊക്കെ പറഞ്ഞു സമ്മതിപ്പിച്ചു.

അങ്ങിനെ ഞങ്ങളുടെ മൂന്ന് പേരുടെയും പിന്തുണയോടെ അഭിനയിക്കാമെന്ന തീരുമാനത്തില്‍ അപ്പുക്കുട്ടന്‍ ഉറങ്ങാന്‍ കിടന്നു. അന്ന് രാത്രി അപ്പുക്കുട്ടന്‍ അനന്തരവന്മാരോട് പടവെട്ടുന്ന ചന്തു ചേകവനായി, ആട്തോമയെ പോലെ ഉടുമുണ്ടൂരിയടിച്ചു, ഭരത് ചന്ദ്രനെ പോലെ നാല് തവണ ഉറക്കത്തില്‍ ഷിറ്റ്‌ പറഞ്ഞു. ഓരോ സീനിന്റെയും ക്ലൈമാക്സില്‍ അടുത്ത്‌ കിടന്നുറങ്ങിയിരുന്ന അനീഷിനെ ചവിട്ടി താഴെയിട്ടു. അങ്ങിനെ ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും കാണാത്ത സ്വപ്നങ്ങളിലൂടെയൊക്കെ അപ്പുക്കുട്ടന്‍ അലഞ്ഞു. ഒരു ഭ്രാന്തനെപ്പോലെ...
***

അന്നും പതിവ് പോലെ പൂര്‍ണ്ണത്തിന്റെ കിഴക്ക്‌ ഭാഗം നോക്കി സൂര്യന്‍ ചെക്ക്‌ ഇന്‍ ചെയ്തു.  അന്നായിരുന്നു അപ്പുക്കുട്ടന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയ ദിവസം.

നേരം വെളുക്കുമ്പോള്‍ അനീഷ് കാണുന്നത് തന്റെ കാല്‍ക്കല്‍ വീണു കിടക്കുന്ന അപ്പുക്കുട്ടനെയാണ്.

"വേണ്ട അപ്പുക്കുട്ടാ വേണ്ട..എഴുന്നേല്‍ക്കു..എന്‍റെ അനുഗ്രഹം എപ്പോഴും നിന്റെ കൂടെയുണ്ട്. എഴുന്നേല്‍ക്കെട മോനെ" അനീഷ്‌.

"ഒന്ന് പോടാ പുല്ലേ... ബോഡി ഫിറ്റ്‌ ആക്കാന്‍ ഞാന്‍ പുഷ് അപ്പ്‌ അടിച്ചതാ... ഫസ്റ്റ് പുഷില്‍ തന്നെ നെഞ്ചുമടച്ചു വീണു." അപ്പുക്കുട്ടന്‍.

"നീ എന്തിനാ പറ്റാത്ത പണിക്ക് നിന്നത്?"

"ഇന്ന് ഫൈറ്റ് സീന്‍ ആണെന്നാ പറഞ്ഞത്‌. ബോഡി ഫിറ്റായിരിക്കണം"

"ഇപ്പൊ തന്നെ നീ അടിച്ചു ഫിറ്റാ... ബൈ ദ വേ...ഫൈറ്റ് എന്ന് പറയുമ്പോ വില്ലന്‍ വേഷമാണോ?"

"ആണെന്ന് തോന്നുന്നു. അതാ എനിക്കൊരു വിഷമം. വില്ലനായിട്ടാണല്ലോ ഫസ്റ്റ് മൂവി"

"നീ വിഷമിക്കണ്ടഡാ, മോഹന്‍ ലാല്‍, രജനികാന്ത്, ഷാരുഖ്ഖാന്‍ ഇവരൊക്കെ വില്ലന്മാരായിട്ടല്ലേ വന്നത്.." അനീഷ്‌ ആശ്വസിപ്പിച്ചു.

"ഹാ... അതാ ഒരാശ്വാസം" അപ്പുക്കുട്ടന്‍ നെടുവീര്‍പ്പിട്ടു.

"ഡയലോഗ് ഒക്കെ ഉള്ള വേഷമാണല്ലോ അല്ലെ?"

"ഉണ്ടെന്നാ പറഞ്ഞത്‌" അപ്പുക്കുട്ടന്‍ നേരെ ബാത്ത് റൂമിലേക്ക്‌. ഇനി ബാത്ത് റൂമില്‍ നിന്നും പുറത്തിറങ്ങാന്‍ പോകുന്നത് നിങ്ങള്‍ ഇതുവരെ കണ്ട ആപ്പ ഊപ്പ അപ്പുക്കുട്ടനല്ല. സൂപ്പര്‍ സ്റ്റാര്‍ അപ്പുക്കുട്ടനെയാണ്.

***

ലൊക്കേഷന്‍...

ഫുള്‍ പുട്ടിയിട്ട് കൂളിംഗ് ഗ്ലാസ്‌ വെച്ച് അപ്പുക്കുട്ടന്‍ റെഡി. ഒരു പേപ്പര്‍ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.

"അപ്പുക്കുട്ടാ! ഡയലോഗ് പഠിക്കുവാണോ?"

"പോടെയ്‌! ഫൈറ്റ് സീന്‍ ആയതിനാല്‍ കരാട്ടെ, കുങ്ങ്ഫൂ, ഗളരിപ്പയറ്റ്‌ തുടങ്ങിയ അടിതടകള്‍ ഗൂഗിളില്‍ നിന്ന് ഡൌണ്‍ലോഡ്‌ ചെയ്തത് വായിച്ചു പഠിക്കുവാ..."

"സീന്‍ റെഡി" ആരോ വിളിച്ചു പറഞ്ഞു.

ഒരു വലിയ ബില്‍ഡിംഗ്ന്‍റെ മുകളിലാണ് ഷൂട്ട്‌. എല്ലാവരെയും സ്പോട്ടിലേക്ക് വിടുന്നില്ല. അതുകൊണ്ട് അപ്പുക്കുട്ടന്‍ തനിയെ പടികള്‍ കയറി മുകളിലേക്ക്‌ പോയി. ആ പോക്ക് കണ്ടപ്പോള്‍ അപ്പുക്കുട്ടന്‍ തന്റെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുള്ള പടികളല്ലേ കയറുന്നത് എന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ താഴെ നിന്നു...

"ആക്ഷന്‍"

"അമ്മേ!!!"

!!!!!

"ഡേയ് അത് നമ്മടെ അപ്പുക്കുട്ടന്റെ കരച്ചിലല്ലേ!!"

"തന്നെ തന്നെ അവന്റെ തന്നെ"

"ഹോ! എന്തൊരു ഫീല്‍ അല്ലേടാ... കിരീടത്തില്‍ ലാലേട്ടന്‍ അമ്മയെ വിളിക്കുന്നത് പോലെ തന്നെ!!!"

പക്ഷെ പറഞ്ഞു മുഴുമിപ്പിക്കും മുന്‍പ്‌ വിറയാര്‍ന്ന കൈകളോടെ അപ്പുക്കുട്ടന്‍ ആണ്ടെ മുന്നില്‍ വന്നു നില്‍ക്കുന്നു.

"ങേ!!!നീ സൂപ്പര്‍ സ്റ്റാര്‍ പടവ് കേറീല്ലേ?"

"കേറിയെടാ..കേറി... പടവ് മാത്രമല്ല, മറ്റു പലതും എന്റെ നെഞ്ചത്ത് കൂടെ കേറി"

"വാട്ട്‌ യു മീന്‍"

" ലവന്‍ ചതിച്ചതാ... ആ റോള്‍ തരാമെന്ന് പറഞ്ഞ &^%%)_))..."

"അപ്പൊ ഫൈറ്റ് സീന്‍.... വില്ലന്‍ എന്നൊക്കെ പറഞ്ഞതോ?

"സംഗതി ഫൈറ്റ് സീനൊക്കെ തന്നെ.. പക്ഷെ വില്ലനല്ല. മണിയെ തല്ലാന്‍ വില്ലനയക്കുന്ന ഗുണ്ടകളില്‍ ഒരു ഗുണ്ടന്റെ റോളാ"

"എന്ന് വെച്ചാ?"

'എന്ന് വെച്ചാ... മണി ഒരു ഡയലോഗ് പറയും... എന്നെ നാല് പെടപെടക്കും. പിന്നേം ഡയലോഗ് പറയും ചവിട്ടിക്കൂട്ടും..."

"അപ്പൊ നിനക്ക് ഡയലോഗ് ഉണ്ടെന്നല്ലേ പറഞ്ഞത്‌?"

"ഡയലോഗൊക്കെയൊണ്ട്‌. മണി എടുത്തിട്ട് പെരുമാറുമ്പോള്‍ "ആ... അമ്മേ...അയ്യോ...അച്ഛാ... യെന്റമ്മച്ചീ..." ഇങ്ങനെ കിടന്നു കരയണം... ഇതാ ആ &^%$&))+*^& ന്‍റെ മോന്‍ ഉണ്ടെന്നു പറഞ്ഞ ഡയലോഗ്"

അങ്ങിനെ ഒരാന്റി ക്ലൈമാക്സില്‍ അപ്പുക്കുട്ടന്റെ  സിനിമാമോഹങ്ങള്‍ക്ക്‌  ലാസ്റ്റ്‌ കാര്‍ഡ്‌ വീണു.

***

അന്നെടുത്ത എമര്‍ജന്‍സി ലീവ് കാന്‍സല്‍ ചെയ്തു ഷിഫ്റ്റില്‍ കേറുമ്പോള്‍ അപ്പുക്കുട്ടനെക്കാള്‍ ഡെസ്പ്പായിരുന്നത് ഞങ്ങളാ... ഇനി ആരാ പഴംപൊരിയും പോപ്‌കോണും വണ്ടിചെലവും തന്ന് ഞങ്ങളെ സിനിമക്ക്‌ കൊണ്ടുപോവാനുള്ളത്???

ആസ് സൂണ്‍ ആസ് റീസണ്‍ ആസ് പോസിബിള്‍, ആ സംഭവത്തോടെ അപ്പുക്കുട്ടന്‍ ഒരു സമ്പൂര്‍ണ്ണസിനിമാ വിരോധിയായി മാറിക്കഴിഞ്ഞിരുന്നു.

(തുടരും)