ഒരു അഭ്യസ്തവിദ്യനായ ചെറുപ്പക്കാരന് അത്യാവശ്യം ചെയ്യേണ്ട ഒരു കാര്യമാണ് ജോലി തെണ്ടല്. നാട്ടുകാര്‍ അസൂയ കൊണ്ട് 'തേരാപ്പാര' നടക്കുന്നു എന്ന് പറയുമെങ്കിലും പൂര്‍വ്വാധികം ശക്തിയോട് വായനാശാലയിലെക്ക് വെച്ചടിക്കേണ്ടതും സകലമാന പത്രങ്ങളും അരിച്ചു പെറുക്കി 'അവസരങ്ങള്‍' തപ്പേണ്ടതും ഒരു ശരാശരി ചെറുപ്പക്കാരന്റെ കടമയാണ്. പഞ്ചാര പൊതിഞ്ഞു കൊണ്ട് വരുന്ന പേപ്പറ് കഷണം പോലും മെനക്കെട്ട് വായിക്കാത്തവന് ഹിന്ദു പത്രം മറിച്ചു നോക്കുമ്പോ തന്നെ എന്തൊക്കെയോ പാസായി ജോലി തപ്പുവാന്നു എന്റെ നാട്ടുകാര്‍ മനസിലാക്കി കളയും. വല്ലാത്ത ബുദ്ധിയാ ഈ ബ്ലഡി നാട്ടുകാര്‍ക്ക്. ഒരു ജോലിക്കും പോകാതെ ചായക്കടയില്‍ കുത്തിയിരുന്ന് പിണറായിയുടെയും ചെന്നിത്തലയുടെയും പോസ്റ്റര്‍ വിഴുങ്ങുന്നവന്മാര് വരെ അന്ന് മുതല്‍ ചോദിച്ചു തുടങ്ങും "എന്തുവാടെയ് ഒന്നുമായില്ലേ." സ്കൂളിനോട് നേരത്തെ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കൂലിപ്പണിക്ക് പോയവന്മാര് ചുമ്മാ വിളിച്ചു ഉപദേശിക്കും. "പഠിച്ചിട്ടും വലിയ കാര്യൂല ന്ന് തോന്നിയ കൊണ്ട ഞാന്‍ കൂലി പണിക്കിറങ്ങിയത്" "ഹൊ! നീ ഒരു മഹാന്, അല്ലാതെ ഏഴാം ക്ളാസില്‍ നാല് തവണ തോറ്റിട്ടല്ല." എന്ന് പറയാമെന്നു വെച്ചാല്‍ "നീ ഇപ്പൊ പഠിച്ചിട്ടു ഒരുപാടോണ്ടാക്കി" എന്നവന് പരസ്യമായി വിളിച്ചു പറഞ്ഞു കളയും. അത് കൊണ്ട് "ഹൊ! നീ ഒരു മഹാന്" എന്ന് മാത്രം പറഞ്ഞു അടുത്ത പത്രം എടുത്തു നിവര്‍ത്തും.
നിജോയ് ആണ് ഇക്കാര്യത്തില്‍ എന്റെ സഹചാരി. ഡിഗ്രീ ക്ളാസില്‍ ആകെയുള്ള അഞ്ചാണ്സിംഹങ്ങളില് ഒന്ന് (സിങ്കം ഡാ എന്ന് പണ്ട് പറഞ്ഞപ്പോ, നീയെന്ന പെണ്സിങ്കം താനാ എന്നൊരു തമിഴന് മുഖത്ത് നോക്കി പറഞ്ഞതിന് പിന്നെ "ആണ്" എന്ന പ്രീഫിക്സ് ഉപയോഗിക്കുന്നതില്‍ ഞാന്‍ കെയര്‍ഫുള്‍ ആണ്. അല്ലാതെ വേറെ സംശയം ഒന്നും ഉണ്ടായിട്ടല്ല.) , മറ്റുള്ളവന്മാര്‍, ഒന്ന് മനു അഥവാ മാനുവേല്‍, വേറെ ജോലി ഒന്നും കിട്ടില്ല എന്ന് കക്ഷി നേരത്തെ ഉറപ്പിച്ചത് കൊണ്ടാണ് എന്തോ, ആള് അച്ചന് പട്ടത്തിനുള്ള കാര്യങ്ങളുമായി തകൃതിയായി മുന്നോട്ടു പോവുന്നു. രണ്ട് ആന്‍സില്‍: ഒനപ്പോഴും പള്ളി പെരുന്നാള്‍, അമ്പെഴുന്നുള്ളിപ്പ് തുടങ്ങിയ അന്താരാഷ്ട്രാ കാര്യങ്ങളില്‍ തലയിട്ടു നടന്നിരുന്നത് കൊണ്ട് ജോലി ഒരു പ്രശ്നമായിരുന്നില്ല. ആകെയുള്ള വിഷമം അവന്റെ മൂന്നു ചേട്ടന്മാര് കല്യാണം കഴിക്കാതെ പുര നിറഞ്ഞു നില്‍ക്കുന്നതാണ്. ലവന്മാരുടെ കല്യാണം കഴിയാതെ തന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകില്ല എന്ന് അപ്പച്ചന് കട്ടായം പറഞ്ഞത് കൊണ്ട് ജോലി കിട്ടിയിട്ട് ഇപ്പൊ പ്രത്യേകിച്ച് 'കാര്യ'മൊന്നുമില്ല എന്ന നിലപാടിലാ ആന്‍സില്‍. മൂന്ന് . ശ്യാം, അവന്റെ ജോലി ലൈനപ്പ് എന്റെതുമായി ചേരാത്തതിനാല്‍ അവനെ കൂട്ടിയില്ല. ഏതെങ്കിലും ഒരു കമ്പനി മതിയെന്നാ അവന്റെ ലൈന്‍. എനിക്കും ഏതെങ്കിലും മതിയെങ്കിലും കമ്പനി മള്‍ട്ടി നാഷണലും ശമ്പളം ഡോളറിലും വേണം എന്ന ഒറ്റ നിര്‍ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതേ നിര്‍ബന്ധമുള്ള ഒരേ ഒരാള്‍ നിജോയി ആയത് കൊണ്ട് അവനെ തന്നെ കൂട്ടി ഡിഗ്രീ തീരാന്‍ മൂന്നു മാസം ബാക്കി നില്‍ക്കെ ജോലി തെണ്ടാന്‍ തുടങ്ങി.
ഹ്യൂലറ്റ് പക്കാട്, ഗൂഗിള്‍, യാഹൂ, സിറ്റി ബാങ്ക്, എ ഒ എല്‍ തുടങ്ങിയ കമ്പനികള്‍ ഞങ്ങളെ ഷോട്ട് ലിസ്റ്റ് ചെയ്യാന്‍ മടിച്ചു നിന്നത് കണ്ടു ഞങ്ങള്‍ തന്നെ അങ്ങോട്ട് കേറി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. ഇതല്ല ഇതിനപ്പുറവും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരാ ഈ ഞങ്ങള്‍ എന്ന ഭാവത്തില്‍ സിറ്റിബാങ്കിന്റെ ഇന്റെര്വ്യൂനു തന്നെ ചാടി കേറി പുറപ്പെട്ടു. സെല്‍ഫ് ഇന്‍ട്രോ, ജി ഡി ഒക്കെ പുല്ല് പോലെ പാസായി, ഞങ്ങള്‍ മൂന്നാം റൌണ്ടിലേക്ക്. "അളിയാ ചെന്നൈ ആണ് പ്ലേസ്മെന്റ് എങ്കില്‍ ഞാന്‍ ചിലപ്പോ വരില്ല. അവിടെ ഒടുക്കത്ത ഹോട്ട് ആണെടാ"നിജോയ്. ഇന്റെര്‍വ്യൂ നടക്കുന്ന ബില്ടിങ്ങും നോക്കി നട്ടാരം വെയിലത്ത് വിയര്‍ത്ത് ഒലിച്ച് കരുത്ത് കരുവാളിച്ചു പണ്ടാരമടങ്ങി നിന്നിട്ടാണ് അവന്റെ ഹോട്ട്.
"മി. ജോസഫ്"
സംഗതി എന്റെ പേര് അരുണ്‍ എന്നാണേലും പള്ളിക്കാര്‍ക്ക് ഞാന്‍ ഒരു ക്രിസ്ത്യാനിയാ എന്ന കാര്യത്തില്‍ ഒരുറപ്പുണ്ടാവാന് പേരിന്റെ മുന്നില്‍ ജോസഫ് എന്ന് എന്റെ അപ്പന് ഫിറ്റ് ചെയ്തിട്ടുണ്ട്. കുറച്ച് കൂടി ഉറപ്പായിക്കോട്ടേ എന്ന് കരുതി ആന്റണി എന്ന് ചേര്‍ത്ത് മൊത്തത്തില്‍ ജോസഫ് ആന്റണി അരുണ്‍ ചുള്ളിക്കല്‍ പോള്‍ എന്നാക്കി വെച്ചു. ഇവര്‍ അഞ്ചു പേരും വന്നിട്ടുണ്ടോ എന്ന് പുള്ളിക്ക് സംശയം തോന്നുന്നതിന് മുന്നേ ഞാന്‍ റെസുമേയും പൊക്കി പിടിച്ചു ചാടി എണീറ്റു. "അളിയാ, ഓള് ദ് ബെസ്റ്റ്, ആക്സന്റ് മറക്കണ്ട." ന്യൂട്രല്‍, അമേരിക്കന്‍, ഇന്ത്യന്‍, ഓസ്ട്രേലിയന്‍ എന്ന് വേണ്ട സകലമാന ആക്സെന്റും അരച്ച് കലക്കി ഒറ്റ വലിക്ക് കുടിച്ചിട്ടാണ് ഈ പണിക്ക് ഞങ്ങള്‍ ഇറങ്ങിയിരിക്കുന്നെ. ഓരോ കമ്പനിയും ഏത് രാജ്യത്താണ് എന്ന് നോക്കി ആ ആക്സന്റ് കൊടുക്കണം അതാണ് ഞങ്ങളുടെ പ്ലാന്‍. കഷ്ടകാലത്തിന് സിറ്റി ബാങ്ക് ഏത് ആക്സന്റ് ആണ് എന്ന് നോക്കിയില്ല. വ്വാ പോട്ട് മള്‍ട്ടി നാഷണല്‍ കമ്പനി അല്ലെ. ആകസന്റും മള്‍ട്ടി ആയിരിക്കും എല്ലാം കൂടെ അവിയല്‍ ആക്കി വിളമ്പാം.
അകത്ത് ഒരു സായിപ്പും, ഒരു നോര്‍ത്ത് ഇന്ത്യനും, പിന്നെ ഒരു അണ്ണനും. തായ് മാര്ഹലെ പ്ലേസ്മെന്റ് ചെന്നയില്‍ തന്നെ. ഒന്ന് കൂടി സെല്‍ഫ് ഇന്ട്രോടിക്കാന് നോര്‍ത്ത് ഇന്ത്യന്‍. നേരത്തെ വന്നവന്മാരുടെ ഇന്‍ട്രോ കേട്ട് മടുത്ത് കൊണ്ടോ സായിപ്പിന് തള്ള് കേള്‍ക്കുന്നതില്‍ തല്പര്യമില്ലാഞ്ഞിട്ടാണോ എന്തോ, അയാള്‍ ഞാന്‍ പറഞ്ഞത് ഒന്നും മൈന്‍ഡ് ചെയ്തില്ല. ഞാന്‍ പറഞ്ഞു നിര്‍ത്തിയതും സായ്പ്പ് എന്റെ നേരെ നോക്കി.
"Ok, Just introduce yourself.."
"What!!!" അപ്പോള്‍ ഞാന്‍ ഇത്ര നേരം പറഞ്ഞത് നിന്റെ മൂത്തുപ്പാപ്പനെ പറ്റിയാണോഡാ വെള്ളക്കാരാ" എന്ന മനസ്സില്‍ ചിന്തിച്ചു തീരും മുന്‍പ് പുള്ളിയുടെ അടുത്ത ഡയലോഗ്
"Well, the medium of interview is English"
അപ്പൊ അതാണ് കാര്യം പുള്ളി ചുമ്മാതല്ല നേരത്തെ മൈന്‍ഡ് ചെയ്യതിരുന്നെ. ആക്സെന്റില്‍ ഇട്ട ഡയലോഗ് മൊത്തം ഞാനും അണ്ണനും കൂടെ ലോക്കല്‍ ലാംഗ്വേജ്-ല്‍ കുശലം പറഞ്ഞതാണ് കരുതിയ കക്ഷി മേല്പ്പോട്ടും നോക്കിയിരുന്നെ. പിന്നീട് ഞാന്‍ ഇംഗ്ലീഷില്‍ പറഞ്ഞ മറുപടി ഒക്കെ പേപ്പറില്‍ എഴുതി തന്നാല്‍ വായിച്ചു മനസിലാക്കാം എന്ന അവസ്ഥയില്‍ സായിപ്പ് എത്തിയപ്പോള്‍ ആള് ഫുള്‍ സ്റ്റോപ്പ് അടിച്ചു. എന്തായാലും ആള് ഡീസന്റാ, "പിന്നെ അറിയിക്കാം" എന്ന മുടന്തന്‍ ന്യായം പറയാതെ മുഖത്ത് നോക്കി "ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം ജോസഫ്" എന്ന് പറഞ്ഞു വിട്ടു. കൈവിട്ടു പോയി എന്ന് എന്റെ മുഖത്ത് തന്നെ ഉണ്ടായിരുന്നതിനാല്‍ നിജോയി വേറെ ഒന്നും ചോദിച്ചില്ല. അവനും അകത്ത് കേറി പത്ത് മിനിട്ടിനുള്ളില്‍ പുറത്തു വന്നു. "നിന്നെ എടുക്കാത്ത കമ്പനിയിലെ ജോലി എനിക്കും വേണ്ടട" എന്ന ഭാവത്തില്‍ അവന് കൈ തെറുത്തു കയറ്റി. ഇന്റെര്‍വ്യൂവില്‍ നിന്നു പുറത്തായാല്‍ ഞങ്ങള്‍ ആദ്യം ചെയ്യുന്ന രോഷപ്രകടനം ഫുള്‍ സ്ലീവ് ബട്ടണ്‍ ഒക്കെ അഴിച്ചു കളഞ്ഞു കൈ തെറുത്തു കയറ്റുക എന്നതാണ്.
"എന്തായാലും നമ്മള് രണ്ട് റൌണ്ട് കടന്നില്ലേ, വിജയത്തിലേക്കുള്ള രണ്ട് ചവിട്ടു പടികള്‍" ഞങ്ങള്‍ പരസ്പരം ആശ്വസിപ്പിച്ചു.
അവസാനം പടികളുടെ എണ്ണം കൂടി എച്ച് പി, 24/7, അക്സെഞ്ചര്‍, എ ഒ എല്‍, ബി ഒ എ തുടങ്ങിയവര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ഒരു 10 നില ഫ്ലാറ്റ് കെട്ടാന്‍ വേറെ പടികള്‍ വേണ്ടി വരില്ല എന്ന അവസ്ഥ എത്തിയപ്പോള്‍ മോഹങ്ങളില്‍ നിന്നു ഡോളര്‍ വെട്ടി കുറക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. അങ്ങിനെ ഇരിക്കെയാണ് കോളേജില്‍ നിന്നും ഞങ്ങള്‍ ഇംഗ്ലീഷ് ആക്സന്റ് പഠിച്ച അരൂബയില്‍ നിന്നും കോള്‍ വരുന്നത് പൂര്‍ണ്ണം എന്ന ഇന്ത്യന്‍ മള്‍ട്ടി നാഷണല്‍ കമ്പനി ആളെ എടുക്കുന്നു. ഇന്ത്യന്‍ എങ്കില്‍ ഇന്ത്യന്‍, മള്ട്ടിയല്ലേ എന്ന ആശ്വാസത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണത്തിലേക്ക്...ശേഷം ഭാഗം പൂര്‍ണ്ണത്തില്‍.
6 comments:
can you write without 'Bold' letters... There is a little strain to read this...
ഇപ്പൊ ശരിയായോ?
font ithiri koodi valiyathakkanam bhai.....power lense vekkanam onnu vayikkanam enkil....
ath pole wordverification disable akkanam....[comment ]
ദിപ്പ ശരിയായാ.?
congrats :)
Post a Comment