Jul 8, 2011

5. ഇന്‍ഡിക്കേറ്റര്‍

സംഗതി ട്രെയിനിംഗ് സെഷനാ. ദര്‍ശന്‍, നിജോയി, റോണി, ഞാന്‍.

"വാട്ട് ഈസ്‌ എ സെര്‍വര്‍? "

അങ്ങിനെ ഒന്ന് വൈറ്റിലയിലും പ്രാന്ത്രപ്രദേശങ്ങളിലും കണ്ടുവരുന്ന ജീവി അല്ലെന്ന് നിജോയി.


'ഈസ്‌ ഇറ്റ്‌ മൗസ്... നോ കീ ബോര്‍ഡ്‌? "  ഇംഗ്ലീഷില്‍ റോണി വല്യ പുള്ളിയാ.

ഗൂഗിള്‍ യാഹൂ ഇതല്ലാതെ മറ്റൊന്നും അറിയാത്തത്‌ കൊണ്ട് എനിക്ക് വലുതായി ആലോചിക്കേണ്ടി വന്നില്ല.

"A computer which manages access to a centralized resource or service in a network" ആരടാ ലവന്‍? ഞങ്ങള്‍ മൂന്ന്‍ പേരും മൂക്കടഞ്ഞു വന്ന ഇംഗ്ലീഷ്‌ ആക്സന്റ് കേട്ട ഭാഗത്തേക്ക്‌ നോക്കി. ആറടി നാലിഞ്ച് പൊക്കത്തില്‍ ഇളിച്ചു കൊണ്ടിരിക്കുന്നു ...ദര്‍ശന്‍.

"ശവം" നിജോയി അപ്പോള്‍ തന്നെ തന്റെ പ്രതിഷേധമറിയിച്ചു. അവനു മാത്രമല്ല എനിക്കും റോണിക്കും ഒരു പോലെ പ്രതിഷേധം. അവന്‍ പറഞ്ഞത്‌ തെറ്റോ ശരിയോ എന്നതായിരുന്നില്ല. സംഗതി ട്രെയിനര്‍ ആണ് ഈ പ്രതിഷേധത്തിന് കാരണം.

സുന്ദരിയായ ട്രെയിനര്‍ (പേര് പറയുന്നത് ജാതകവശാല്‍ ജീവഹാനിക്ക്‌ ഇടയാക്കും എന്നതിനാലും ഞങ്ങളുടെ കാലഘട്ടത്തിലെ ട്രെയിനര്‍ ഇപ്പോള്‍ പൂര്‍ണ്ണത്തില്‍ ഇല്ലാത്തതിനാലും നമ്മക്കവളെ സുന്ദരി എന്ന് മാത്രം  ഇപ്പൊവിളിക്കാം).

പൂര്‍ണ്ണത്തില്‍ ജോയിന്‍ ചെയ്ത രണ്ടാം ദിവസം. അഥവാ ചരിത്രപരമായി ഞാനും നിജോയിയും ലിനക്സ് പഠിക്കാന്‍ തുടങ്ങിയ ദിവസം. മുന്‍പ്‌ ആ പേരില്‍ എനിക്കൊരു ക്ലാസ്‌മേറ്റ്‌ ഉണ്ടായിരുന്നു എന്നതല്ലാതെ പൂര്‍ണ്ണത്തില്‍ ചേരും വരെ മറ്റൊരു ലിനക്സിനെയും എനിക്കറിയില്ല...സത്യം.

"നിജോയ്‌" ഒരു കിളിനാദം. ആ നിമിഷത്തില്‍ തന്നെ നിജോയി അടിമുടി പൂത്തുലഞ്ഞു ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. അവന്‍ പണ്ടേ അങ്ങിനാ ഒരു കിളിനാദം കേട്ടാല്‍ അപ്പൊ തന്നെ പൂത്തുകളയും. അതും അടിമുടി.

"അരുണ്‍" ഞാനും പൂക്കാന്‍ റെഡിയായി നിന്നു. പക്ഷെ പൂത്തില്ല. അതിനു മുന്നേ നിജോയി കേറി മൊട്ടിന്റെ കടക്കല്‍ തന്നെ കത്തി വെച്ചു.

"ഹായ്, അയാം "നിജ്വായ്‌ പീറ്റ" (നിജോയി പീറ്റര്‍... അതിനാണ്) ആന്‍ഡ്‌ ദിസ്‌ ഈസ്‌ ആറുന്‍". തള്ളെ അത് എന്റെ പേര് തന്നെടെയ്‌?!!!!

അല്ലെങ്കില്‍ തന്നെ കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരെ കണ്ടാല്‍ നിജോയിയുടെ സ്വഭാവം ഇതാ. എന്നെ അങ്ങ് കേറി പരിചയപ്പെടുത്തി കൊടുക്കും. അതിപ്പോ എന്നോട് പ്രത്യേകിച്ച് അവനൊരു താല്പര്യം ഉള്ളത് കൊണ്ടല്ല. ഞാനും കൂടി പേര് പറഞ്ഞു ഓളെ മുട്ടണ്ട എന്നൊരു തരം ബൂര്‍ഷ്വാ മനോഭാവം.

"ഹായ്" സുന്ദരി പേരും നാളും പറഞ്ഞു.

"ഓ ഹിന്ദുവാ... അപ്പൊ ഇനി മതപരമായി നീങ്ങാന്‍ പറ്റില്ല." സത്യക്രിസ്ത്യാനിയായ നിജോയ്‌ മനസ്സില്‍ പറഞ്ഞെങ്കിലും ഞാനത് കേട്ടു.

"സാരമില്ല..നമ്മള്‍ക്ക് ഭരണഘടനാപരമായി നീങ്ങാം. ഐ മീന്‍ രഹസ്യമായി രജിസ്റ്റര്‍ ചെയ്യാം.." ഞാനും മനസ്സില്‍ പറഞ്ഞു.

സുന്ദരി ഞങ്ങളെ ഒരു അണ്ടര്‍ ഗ്രൌണ്ടിലേക്ക് കൂട്ടികൊണ്ട് പോയി.

"എന്തോന്നെടെയ്‌, കൊല്ലാന്‍ കൊണ്ടുപോവാണോ?"

പഴയപൂര്‍ണ്ണത്തിലെ ട്രയിനിംഗ് സെറ്റ്‌അപ്പ്‌ അങ്ങിനാ. അണ്ടര്‍ ഗ്രൗണ്ടില്‍ കിടന്ന് അടിതട പഠിച്ചവരെ മാത്രമേ പുറംലോകം കാണിക്കൂ. പഴയകാല അണ്ടര്‍ഗ്രൌണ്ട് ഉടമകളായ എം എന്‍ നമ്പ്യാര്‍, ടി ജി രവി, ജോസ്‌ പ്രകാശ്‌ തുടങ്ങിയവരെ മനസ്സില്‍ ധ്യാനിച്ച് ഞങ്ങള്‍ വലതുകാല്‍ വെച്ച് ഇറങ്ങി.

"ജയ്‌ ചിഞ്ചോ"

വാതില്‍ തുറക്കാന്‍ ബുദ്ധിമുട്ടിയ സുന്ദരിക്ക്‌ ഞാന്‍ സി ഐ ഡി നസീറിലെ പോലെ കോഡ് പറഞ്ഞുകൊടുത്തു.

സുന്ദരി, പിന്നെ ലിനക്സ് ഇത് രണ്ടുമാണ് ഞങ്ങളുടെ ലക്‌ഷ്യം. ഞങ്ങള്‍ എന്ന് വെച്ചാല്‍ നേരത്തെ പറഞ്ഞ ലവന്മാര്‍ അടക്കം ഞാനും നിജോയിയും. അത് മനസിലാക്കിയിട്ടാണോ ആവോ സുന്ദരിയുടെ ഫസ്റ്റ് ക്വസ്റിന്‍.

"ഡൂ യു ഹാവ്‌ എയിം?"

"യെസ്." ഇത് തന്നെ പറ്റിയ അവസരം. ജോലി എടുത്ത് കാശുണ്ടാക്കി ഇയാളെ പോലെ സുന്ദരിയായ ഒരു പെണ്ണിനേം കെട്ടി സുഖമായി ജീവിക്കലാ എന്റെ എയിം എന്ന് തട്ടി വിട്ട് ഇപ്പൊ തന്നെ ലവളെ ഇമ്പ്രെസ്സ് ചെയ്യിക്കാം.

"മൈ ഏയ്‌..."

"ഐ മീന്‍ ഡൂ യു ഹാവ്‌ എയിം ചാറ്റ് ഐഡി?" സുന്ദരി ഇടക്ക് കേറി.

ഞാനും നിജോയിയും ചാറ്റ് ഐഡി ഉണ്ടാക്കിയിരിക്കുന്നത് മറ്റു പല എയിമുകളും മനസ്സില്‍ കണ്ടിട്ടാ. അതൊക്കെ ഇവിടെ വിളിച്ചു പറയുന്നതെങ്ങിനാ എന്ന് കരുതിയിരിക്കുമ്പോള്‍ ആണ്ടട ആ പന്നന്‍ ദര്‍ശന്‍ വീണ്ടും...

"ഈസ്‌ ഇറ്റ്‌ AOL ഐഡി?"

"YES. There you are".

"ഡേയ് ദര്‍ശാ.. നിനക്ക് ഓള്‍റെഡി ഒരു സെറ്റ്‌അപ്പ്‌ ഉണ്ടല്ലോ, ഞങ്ങളൊന്ന് പച്ച തൊടട്ടടെയ്‌" സ്വന്തമായി ഒരു ലൈന്‍ ഉള്ളവനാ ഈ കേറി ഗോളടിച്ചു കളിക്കുന്നത്.

"I don't have it now. But I can create."  ലവന്‍ വിടാനുള്ള ഭാവമില്ല.

അപ്പന്റെ വാക്ക് കേട്ട് എഞ്ചിനീയറിങ്ങിന് എന്‍ട്രന്‍സ്‌ എഴുതാതിരുന്നതില്‍ അന്നാദ്യമായി ഞാന്‍ ഖേദിച്ചു. പോയിരുന്നെങ്കില്‍ ഇതിനൊക്കെ പുഷ്പം പോലെ മറുപടി പറഞ്ഞ് ഓളെ വളക്കാമായിരുന്നു. എന്തായാലും കാര്യങ്ങള്‍ കൈവിട്ടു പോകുവാണ്. ഉടനടി സത്യസന്ധമായ ഇടപെടല്‍ ഉണ്ടായേ പറ്റൂ. ഐ മീന്‍ സുന്ദരിയോട് സുന്ദരമായ പ്രണയമാണ് എന്ന സത്യം അറിയിച്ചില്ലെങ്കില്‍ ഈ കശ്മലന്‍...

മറ്റൊന്നും ആലോചിച്ചില്ല. രണ്ടും കല്പിച്ച് ഞാനും നിജോയിയും കണ്ണ് തുറന്നു. പിന്നെ മുടിഞ്ഞ വായ്നോട്ടം. ലോകത്ത്‌ ഒരാണിനു ഒരു പെണ്ണിനെ ഇഷ്ടമാണ് എന്ന് പറയാന്‍ ഇതിലും നല്ലൊരു സെറ്റപ്പ് ഒടയതമ്പുരാന്‍ പടച്ചു വെച്ചിട്ടില്ല. പത്ത്‌ മിനിറ്റ് അടുപ്പിച്ചു വായ് നോക്കിയാ മതി ഏതു പെണ്ണിനും നോട്ടത്തിന്റെ റേഞ്ച് വെച്ച് സംഗതി മനസിലാകും.

ഒരരമണിക്കൂര്‍ ഈ വായ്നോട്ടം ഘോരഘോരം തുടര്‍ന്നു.

ഒരു സെര്‍വര്‍ എന്നത് ഒരു അപ്പാര്‍ട്ട്മെന്‍റ് പോലെ ആണെന്നും അതില്‍ ഉള്ള പല ഫ്ലാറ്റുകള്‍ പോലെയാണ് വെബ്‌സൈറ്റുകള്‍ എന്നും ഫ്ലാറ്റിലോ അപ്പാര്‍ട്ട്മേന്റിലോ ഉണ്ടാകുന്ന മെയിന്റനന്‍സ്‌ തകരാറ് പരിഹരിക്കുന്നത് പോലെയാ ട്രബിള്‍ ഷൂട്ടിംഗ് എന്നും ഞങ്ങള്‍ക്ക്‌ മനസിലാവുന്ന ഭാഷയില്‍ സുന്ദരി പറഞ്ഞു തരുവാ.

"ഓ... അപ്പൊ തമ്മനത്തെ ജോസികുട്ടനാ ഇവിടത്തെ ഞാന്‍" നിജോയി

"അതെന്താടാ?" ഞാന്‍

"അല്ല! പുള്ളിയാ ഞങ്ങടെ വീട്ടിലെ പൈപ്പ്‌ ശരിയാക്കാന്‍ വരുന്നത്. "

വീണ്ടും വായ്‌നോട്ടം. ഇത്തവണ സുന്ദരി അത് ശ്രദ്ധിച്ച് തുടങ്ങി.

"അളിയാ..കൊത്തുന്നുണ്ട്...കൊത്തുന്നുണ്ട്." നിജോയിയും ഞാനും ആവേശത്തിലായി. പൂര്‍വ്വാധികം ശക്തിയോടെ ഞങ്ങളും ഫോമില്‍. സുന്ദരിക്ക്‌ കാര്യം മനസിലായി തുടങ്ങി എന്ന് അവളുടെ ഭാവത്തില്‍ നിന്നും മനസിലായി. ഇനി ഞങ്ങളിലാര്‍ക്കാ നറുക്ക്‌ എന്നറിഞ്ഞാല്‍ മാത്രം മതി.

"Well, that's all about a server and it's services." സംഗതി ഒന്നും മനസിലായില്ല എന്നതിനെക്കാള്‍ കാര്യങ്ങള്‍ ഒരു നീക്കുപോക്കാകാതെ സുന്ദരിയുടെ സെഷന്‍ തീര്‍ന്നോ എന്ന ചിന്തയായിരുന്നു ഞങ്ങളെ അലട്ടിയിരുന്നത്.

"Oh Sorry. I forgot one thing." സമാധാനമായി സുന്ദരി എന്തോ കൂടി പഠിപ്പിക്കാന്‍ മറന്നിട്ടുണ്ട്. ഇനി ഇപ്പൊ അത് കൂടി കഴിഞ്ഞിട്ടേ പോകൂ.

"I mean I forgot to introduce myself. My name is Saritha." എന്നെയും നിജോയിയെയും നോക്കി എന്നിട്ട് ഒന്ന് കനപ്പിച്ചു ബാക്കി കൂടി. "... and I'm MARRIED".

"പ്ടെയ്‌" എന്ന ശബ്ദത്തോടെ അണ്ടര്‍ വേള്‍ഡിന്റെ വാതിലടച്ച് ലവള്‍ പുറത്തേക്ക്‌ പോയി.

"യെവളുമാര്‍ക്കൊക്കെ നെറ്റിയില്‍ ഇന്‍ഡിക്കേട്ടര്‍ ഇട്ട് നടന്നൂടെടെയ്"   നിജോയിയുടെ ഗദ്ഗദം.

യാതൊരു മുന്നറിയിപ്പും ഇല്ലാതെ അപ്പൊ തന്നെ പൂര്‍ണ്ണത്തിലെ രണ്ടു സെര്‍വറുകള്‍ ക്രാഷായി. ഒന്നെന്റെ ഹൃദയത്തിലും മറ്റേത് നിജോയിയുടെ ഹൃദയത്തിലും.

No comments: